തൃശൂർ: പിണറായി വിജയനോടും കമ്യൂണിസ്റ്റ് പാർട്ടിയോടുമുള്ള ജനകീയവിരോധമാണ് കേരളത്തിൽ ഇടതുപക്ഷത്തിന്റെ പതനത്തിനു കാരണമായതെന്നു ബെന്നി ബെഹനാൻ എംപി പറഞ്ഞു. ഡിസിസിയിൽ ജില്ലയിൽനിന്നുള്ള മന്ത്രിക്കും എംഎൽഎമാർക്കും നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരാജയങ്ങൾ പലപ്പോഴായി നമുക്കും ഉണ്ടായിട്ടുണ്ട്. എന്നാൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്കു സംഭവിച്ചതു തോൽവിയല്ല, പതനമാണ്. അതിൽനിന്ന് അവർക്കിനി ഉയർത്തെഴുന്നേൽക്കാൻ സാധിക്കില്ല. അത്രമാത്രം അവർ ജനങ്ങളിൽനിന്ന് അകന്നുപോയി. ജനങ്ങളുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കുമൊപ്പം വി.ഡി. സതീശന്റെ മന്ത്രിസഭയ്ക്ക് ഉയരാൾ സാധിച്ചതിന്റെ തെളിവാണു ഭരണം ഏറ്റെടുത്തയുടൻ കേരളത്തിൽ നടപ്പാക്കിയ ജനതാത്പര്യങ്ങൾ.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്കു നൽകിയ സൗജന്യയാത്ര, ഇന്ത്യയിലാദ്യമായി വയോജനങ്ങൾക്കായി ഒരു വകുപ്പ്, സമാധാനപരമായി സമരം നടത്തിയവർക്കുനേരേ ആക്രമണം അഴിച്ചുവിട്ടവരെ നിയമത്തിനുമുന്പിൽ കൊണ്ടുവരാൻ അന്വേഷണം പ്രഖ്യാപിച്ചത് തുടങ്ങിയവ അതിനുള്ള ഉദാഹരണങ്ങളാണ്.
കേരളത്തിലെ ചെറുപ്പക്കാർക്കു പ്രതീക്ഷയുണ്ടെങ്കിലും അവർ അസ്വസ്ഥരാണ്. അതുകൊണ്ടുതന്നെ ചെറുപ്പക്കാർ ജോലിതേടിയും വിദ്യാഭ്യാസത്തിനുമായി ഇതരസംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കു കുടിയേറുന്നു. അവരെ പിടിച്ചുനിർത്തി, കേരളം വയോജനസങ്കേതമായി മാറുന്നതു തടയാൻ ഒ.ജെ. ജനീഷിന്റെ യുവജനക്ഷേമവകുപ്പിനാകണം. ചെറുപ്പക്കാർക്കായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്യാൻ ജനീഷിനാകണമെന്നും കന്നിമത്സരത്തിൽതന്നെ മത്സരിച്ചു വിജയിച്ചു മന്ത്രിയായ ഒ.ജെ. ജനീഷിനോട് ബെന്നി ബെഹനാൻ നിർദേശിച്ചു.
തെരഞ്ഞെടുപ്പുവിജയം നോക്കിയാൽ മറ്റു ജില്ലകളെ അപേക്ഷിച്ച് ഏറ്റവും താഴെയാണു തൃശൂർ. ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിൽ നാലിടത്തുമാത്രമാണു യുഡിഎഫിനു വിജയിക്കാനായത്. ഈ നാലുസീറ്റിന്റെ പിൻബലത്തിൽ ആത്മപരിശോധന നടത്തി മുന്നേറാൻ നമുക്കു സാധിക്കണം. മറ്റു പല ജില്ലകൾക്കൊപ്പവും തൃശൂരിന് എത്താൻ പറ്റിയില്ലെന്നു കോൺഗ്രസ് ജില്ലാ നേതൃത്വത്തെ അദ്ദേഹം ഓർമിപ്പിച്ചു.
ഭൂരിപക്ഷംമാത്രമല്ല, കുറഞ്ഞ വോട്ടുകൾക്കാണെങ്കിലും തോൽവി തോൽവിയാണ്. അതിന്റെ ദുഃഖഭാരം മനസിലുണ്ടാകണം. അതിൽനിന്ന് മികച്ച പ്രവർത്തനം കാഴ്ചവച്ചു മുന്നേറാൻ സാധിക്കണം. തൃശൂരിലെ വിജയം പൂർണതയിലെത്തിക്കാൻ കോൺഗ്രസിനു കഴിയണമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.
മന്ത്രി ഒ.ജെ. ജനീഷ്, രാജൻ ജെ. പല്ലൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ടി.വി. ചന്ദ്രമോഹൻ, ജോസ് വള്ളൂർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.